07:06am 08 May 2026
NEWS
എറണാകുളത്ത് കളിക്കൂട്ടം ക്യാമ്പയിൻ ബാലസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു.
07/05/2026  05:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളത്ത് കളിക്കൂട്ടം ക്യാമ്പയിൻ ബാലസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ നഗര-ഗ്രാമ സിഡിഎസുകളിലാകെ ബാലസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബാലസഭകൾ രൂപീകരിക്കുന്നതിനും നിർജ്ജീവമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി “കളിക്കൂട്ടം” എന്ന പ്രത്യേക ക്യാമ്പയിൻ മെയ് മാസത്തിൽ ആരംഭിക്കുന്നു.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള വെല്ലുവിളികളെ മുൻനിർത്തി കാർബൺ ന്യൂട്രാലിറ്റി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുകയും പ്രായോഗിക പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങളിലൊന്ന്.

കുട്ടികളുടെ വ്യക്തിത്വ വളർച്ച, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകൾ, നേതൃത്വഗുണങ്ങൾ എന്നിവ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ വാർഡുകളിലും ബാലസഭകൾ രൂപീകരിച്ച് 5 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തുന്നതിനും ബാലസഭ പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. പൊതു ഇടങ്ങൾ ബാല സൗഹൃദമാക്കുന്നതിനും കുട്ടികൾക്ക് സുരക്ഷിതവും പ്രചോദനപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മുൻഗണന നൽകും. സാമൂഹിക അവബോധവും ജനാധിപത്യ മൂല്യങ്ങളും വളർത്തുന്നതിനോടൊപ്പം കുട്ടികളിലെ മാനസിക സംഘർഷ സാധ്യതകൾ കുറയ്ക്കുന്നതിനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും. ഇതിലൂടെ കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കുകയും സമൂഹത്തിൽ സജീവ പങ്കാളികളായി വളരുന്നതിനും സഹായിക്കുകയും ചെയ്യും.

ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട തലത്തിൽ കുട്ടികളുടെ വിവരശേഖരണം നടത്തി. ഇതിനായി പ്രത്യേക അയൽക്കൂട്ട യോഗങ്ങൾ ചേർന്നു. ഇതിലൂടെ ബാലസഭയിൽ അംഗങ്ങളല്ലാത്ത കുട്ടികളെ കണ്ടെത്തി പുതിയ ഗ്രൂപ്പുകൾ രൂപീകരിച്ചുകൊണ്ട് ബാലസഭകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീം ലീഡർ, സാമൂഹ്യ വികസനം, കലാ-കായിക-സാംസ്കാരികം, സ്കില്ലിംഗ് ആൻഡ് ഇന്നൊവേഷൻ വിഭാഗങ്ങളിലെ പ്രതിനിധികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.മെയ് 10നുള്ളിൽ ജില്ലയിലെ ക്യാമ്പയിൻ പ്രവർത്തനങ്ങളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പ്രവേശനോത്സവ മാതൃകയിൽ കളിക്കൂട്ട വേദി സജ്ജമാക്കുകയും കലാ-കായിക വിനോദപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.ബാലസഭകളെ വെറും കൂട്ടായ്മകളായി നിർത്താതെ, നാടിന്റെ പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന സജീവ കുട്ടി കൂട്ടായ്മകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img